2009, ഓഗസ്റ്റ് 28, വെള്ളിയാഴ്‌ച

മായാതെ

പകലിന്‍ വെളിച്ചത്തില്‍
ഒളിച്ചിരിക്കുന്നവന്‍
ഇരുളിനെ കാര്‍ന്നു
തിന്നാനൊരുങ്ങി
പേടിയെന്നവനെ
ഞാന്‍ വലിച്ചെറിഞ്ഞു
വീണ്ടുമവന്‍ എന്നരികിലെത്തി
എന്റെ ഹൃദയത്തില്‍ അവന്‍
ചേര്‍ന്നു കഴിഞ്ഞു
പേടി, ഒരിക്കുലും മായാത്ത പേടി

-ചാന്ദ്നി. V.C
9-D

മതില്‍ക്കെട്ടുകള്‍

ഒരു മതില്‍ക്കെട്ടിനപ്പുറത്തേയ്ക്ക്
ആര്‍ക്കുമില്ല സൌഹാര്‍ദ്ദം
​എങ്ങും നിശബ്ദത
ഭൂമി തിന്നുതീര്‍ക്കുവാനുള്ള ഇളമതിലിന്റെ ആക്രോശം
ഒരു നിമിഷത്തിനുള്ളില്‍
പണിതുതീരുന്ന കാക്കത്തൊള്ളായിരം മതിലുകള്‍
എന്നെ വെറുതെ വിടൂ എന്ന് നിലവിളിക്കുന്ന ഭൂമി

-സുഹൈറ സുലൈമാന്‍
7-D

സ്നേഹസ്പര്‍ശം

മുറ്റത്തുനിന്നൊരെന്‍ ജമന്തി പൂവിന്‍
ഇലയും ഇതളും കൊഴിഞ്ഞുപോയി
എന്റെ കണ്ണിലെ കണ്ണീരും പൊഴിഞ്ഞുപോയി
ഒരിക്കലും കിട്ടാത്ത ജലത്തെയോര്‍ത്ത്
എന്റെ കണ്ണീര്‍ക്കണം
ഒരു സ്നേഹസ്പര്‍ശമായ് മണ്ണില്‍ പൊഴിഞ്ഞു.

-മാളവിക. പി. സുന്ദര്‍
8-D

മെല്ലെ

പേടിയെ തടയാന്‍ ശ്രമിക്കവെ
എന്റെ പേടിച്ചരണ്ട കണ്ണുകള്‍
നിന്റെ കണ്ണുകളാല്‍ മാഞ്ഞുപോയി മെല്ലെ

-അഞ്ജലി ദിനേശ്
9-D

2009, ഓഗസ്റ്റ് 3, തിങ്കളാഴ്‌ച

കമലാ സുരയ്യയ്ക്ക് : വീണ്ടും പൂക്കുമോ?

നീര്‍മാതളത്തിന്റെ ചോട്ടില്‍നില്‍ക്കെ
നിറയുമെന്‍കണ്ണു, നീരിറ്റു വീണു
തീരാത്ത സ്വപ്നങ്ങള്‍ ഭൂമിയിലര്‍പ്പിച്ച്
നീര്‍മാതളമിന്നു വാടിവീണു.

വിടരുകയിനിയും വാടിയ പൂവേ
പൂക്കുക നീയും നീര്‍മാതളമേ

നിധീഷ്. കെ. എന്‍
8-K

കമലാ സുരയ്യയ്ക്ക് : മൃത്യു

മഴപെയ്തു മാനം കുളിര്‍ത്തു
ഭാവനയില്‍ നിന്ന്
ഭാവന പുറത്തെടുക്കൂ.

നിധീഷ്. കെ. എന്‍
8-K

2009, ജൂലൈ 21, ചൊവ്വാഴ്ച

നിഴലുകള്‍. . .

ഉയര്‍ന്നുകേള്‍ക്കുന്ന നിലവിളികള്‍ക്കിടയില്‍ ആ കാല്‍പ്പെരുമാറ്റം താഴ്ന്നുപോയി എങ്കിലും അവരുടെ നിഴല്‍രൂപങ്ങള്‍ ഭിത്തിയിലും നിരത്തിലും പതിഞ്ഞു. സൂര്യന്‍ താഴ്ന്നുതുടങ്ങിയിട്ടും ആ ഗ്രാമത്തിലെ നിലവിളികള്‍ക്ക് അസ്തമയം ഉണ്ടായില്ല. ഗ്രാമത്തില്‍ പച്ചച്ചോരയുടെ മണം പരന്നു. പണ്ട് സ്നേഹത്തിന്റേയും നന്മയുടേയും മണമാണ് പരന്നിരുന്നത്. ശാന്തിഗ്രാമമെന്ന വിളിപ്പേരുമാറി, അശാന്തി ഗ്രാമമായി. ചെറിയ സങ്കടങ്ങളും, ഞെരുക്കങ്ങളും ഇപ്പോഴും കേള്‍ക്കുന്നു അവിടെ നിന്ന്.

തിന്മയുടെ നിഴലുകള്‍ക്ക് എന്നാണ് വിട നല്‍കാനാവുക?

അഞ്ജന വിപാല്‍
8-A

2009, ജൂലൈ 20, തിങ്കളാഴ്‌ച

നിശ്ശബ്ദം!

മാനത്ത് ചെങ്കനല്‍ പട്ടുവിരിച്ചിട്ടു-
മെല്ലെയണയും പ്രഭാതം . . .
കാറ്റിന്‍ കുസൃതികള്‍ക്കൊപ്പം ചിണുങ്ങുന്ന
കുഞ്ഞോലത്തുമ്പിനു താഴെയുറങ്ങുന്ന
കുഞ്ഞു മഞ്ഞു തുള്ളിയ്ക്കു നിശ്ശബ്ദം . . .

കുഞ്ഞു പൂക്കള്‍ മയങ്ങുമ്പോള്‍
ഉണരുന്ന സന്ധ്യയ്ക്കുമുണ്ട് നിശ്ശബ്ദം . . .

2
ലോകം നിശബ്ദമാകുന്നു. നിശ്ചലമാകുന്നു.
ഉയരുന്ന വെടിയൊച്ചകള്‍ക്കിടയിലും
പതിക്കുന്ന ജീവനിടയിലും
തേങ്ങി മയങ്ങും നിശ്ശബ്ദം . . .

ദുഃഖത്തിന്‍ നിഴലുകള്‍
കരിയായ് പുരണ്ടൊരു
അമ്മതന്‍ കണ്ണില്‍ നിശ്ശബ്ദം . . .

തെരുവിന്റെ ഗാനവും നെഞ്ചിലേറ്റിക്കൊണ്ട്
അലയുന്ന കുഞ്ഞു പൈതങ്ങള്‍ . . .
കനിവ് തേടുന്ന നോട്ടത്തിനുള്ളിലും
നിറഞ്ഞു നില്‍പ്പുണ്ട് നിശ്ശബ്ദം . . .

ആത്മജ. ആര്‍
8-A

മറുകര

ശബ്ദിക്കാന്‍ കഴിയുന്നില്ല
ജീവിതം നിശ്ചലമായി മാറുന്നു.
ചലിക്കാത്ത പാവകളായി,
യന്ത്രപ്പാവകളായി മാറി ജീവിതം . . .

ശബ്ദിച്ചാല്‍ തലകൊയ്യുമെന്നൊരു കൂട്ടര്‍
കറുത്ത മുഖം മൂടി ധരിച്ചവര്‍.
ലഹരിയുടെ ഉന്‍മാദത്തില്‍
ശബ്ദം നിലച്ചുപോയവര്‍.

ജീവിതം തന്നെ നിശബ്ദരായവര്‍ . . .
അവര്‍ക്കിനി ശബ്ദിക്കാന്‍ കഴിയുമോ?
ശബ്ദിച്ചവര്‍ക്കു ലഭിച്ചത്,
ജയിലറകളും, തൂക്കുകയറുകളും.
ശബ്ദിക്കാതെ ജീവിതം തുഴഞ്ഞിരുന്നെങ്കില്‍
ജീവിതത്തിന്‍ മറുകര കണ്ടിരുന്നു?

പ്രിയങ്ക രാജീവ്
8-A

എന്റെ മഴ

എനിക്ക് മഴ നല്ല ഇഷ്ടമാണ്. ഒരു നാള്‍ ഇടിയോടുകൂടിയ ഒരു മഴ വീട്ടില്‍ ഉണ്ടായി. മഴപെയ്യുംതോറും ഇടിയും കൂടി വന്നു.
മുറ്റം നിറയെ വെള്ളം.
ഞാന്‍ കമ്പിളിപ്പുതപ്പുപുതച്ച് ഇരിക്കുകയായിരുന്നു.
മഴയില്‍ തുള്ളിക്കളിക്കാനുള്ള മോഹം കൊണ്ട് വരാന്തയിലേയ്ക്ക് ഒന്നിറങ്ങി.
നായ്ക്കളുടെ കുരയും ചീവീടിന്റെ മൂളല്‍പ്പാട്ടും.
കലപില ശബ്ദങ്ങളായിരുന്നു വീടിനു ചുറ്റുപാടും.
പിറ്റെ ദിവസം രാവിലെ എഴുന്നേറ്റപ്പോഴും മഴ ചാറുന്നുണ്ടായിരുന്നു. കുറച്ചു കഴിഞ്ഞ് ഞാനും ഏട്ടനും കൂടി കുളത്തിനടുത്തേയ്ക്കുപോയി.
നിറയെ മത്സ്യങ്ങള്‍!

മായാദേവി. പി. വി
5-E

2009, ജൂലൈ 16, വ്യാഴാഴ്‌ച

കുടിയേറ്റം

മഴ, വേനലിനെ ബാക്കിയാക്കി
യാത്രപറഞ്ഞു.

പ്രണയം തളിരിടുകയും പൂവിടുകയും
ഒടുവില്‍ കൊഴിയുകയും ചെയ്തു.

പാലപ്പൂക്കള്‍ പരിമളം പൊഴിച്ച
കുണ്ടനിടവഴികള്‍, മനുഷ്യന്റെ
പാദസ്പര്‍ശമേല്‍ക്കാതെ അനാഥമായിട്ട്
നാളേറെയായി.

പുതുതലമുറയുടെ കിളിക്കൊഞ്ചല്‍നാദം
കേട്ട് പുളകിതമായിരുന്ന
സ്ക്കൂള്‍ അങ്കണങ്ങളില്‍
കൊഴിഞ്ഞ ഇലകളും സ്വപ്നങ്ങളും കുമിഞ്ഞുകൂടി.

മനുഷ്യജീവിതം അഭയാര്‍ത്ഥിക്യാമ്പുകളിലേയ്ക്ക്
കുടിയേറിയിരിക്കുന്നു.
അവിടെ ജാതിയില്ല, മതമില്ല, എല്ലാവരും ഒന്ന്!

സ്നേഹ. എം
9-D

2009, ജൂലൈ 15, ബുധനാഴ്‌ച

കേട്ടത്

നടന്നു പോകും വഴിവക്കില്‍
കേട്ടൂ ഞാനൊരു ശബ്ദം
അടിഞ്ഞു കൂടും വഴിവക്കില്‍
കേട്ടൂ ഞാനൊരു നെടുവീര്‍പ്പ്
പലപല നാവില്‍ ഒഴുകിവന്നു
നന്മ നിറഞ്ഞൊരു നിശ്ശബ്ദത

നിമിഷ മനോഹരന്‍. എ. വി
9-J

മൌനം

കണ്ണീരില്‍ തുടിക്കുന്നു;
പനിനീര്‍ പൂവില്‍
തളിര്‍ക്കുന്നു മൌനം

മൌനം കണ്ണിലൂടെ
മറഞ്ഞു നടക്കുന്നു.
കണ്ണിലൂടെ മാഞ്ഞുപോകുന്നു.

രശ്മി. പി. വി
8-A

2009, ജൂലൈ 14, ചൊവ്വാഴ്ച

പൂ പൊഴിയുംപോല്‍ ...

താളങ്ങളുടെ ഒരു ആഘോഷസംഗമമാണ് മഴ.
മുത്തുകള്‍ ചിതറി വീഴുമ്പോഴുള്ള നാദമാണ് മഴയ്ക്ക്.
ആകാശത്തിന്റെ കരച്ചിലാണത്.
ചെറിയ ചെറിയ പൂക്കള്‍ വീഴും മാതിരി ഭംഗിയാര്‍ന്നതാണ് മഴ.
മനസ്സുകളെ തണുപ്പിക്കുന്ന ഒരു കുളിര്‍.
മഴ നമ്മെ സ്പര്‍ശിക്കുന്ന ഒന്നാണ്.

അസീല. കെ
6-D

ഷാളൊരു കുടയാക്കി

ഞാന്‍ ഒരു മഴകൊണ്ടു. രസകരമായ മഴ.
ഹൈദരബാദില്‍ നിന്ന് മാമനും കുടുംബവും വന്നിരുന്നു. വൈകീട്ട് ഞങ്ങള്‍ കടല്‍ കാണാന്‍ പോയി.
ഉറഞ്ഞുതൂള്ളിയിരുന്ന തിരമാലകള്‍ ഞങ്ങളെ സ്വീകരിച്ചു. കടല്‍ഭിത്തിയുള്ളതിനാല്‍ വെള്ളം തൊടണമെന്ന എന്റെ ആശ നടന്നില്ല. ലൈറ്റ്ഹൌസിനപ്പുറം കരിങ്കല്‍ തട്ടില്ലാത്ത സ്ഥലത്തേയ്ക്ക് ഞങ്ങള്‍ ഓടി.
കുറച്ചുനേരം ഞങ്ങള്‍ കളിച്ചു. കടലമ്മയെക്കുറിച്ച് ചീത്തവാക്കെഴുതിയപ്പോള്‍ തിരമാലകള്‍ ദേഷ്യത്തോടെ അതു മായ്ച്ചു.
ഏറെ നേരം കളിക്കാന്‍ സമ്മതിച്ചില്ല മഴ. ഞങ്ങള്‍ വീട്ടിലേയ്ക്കു മടങ്ങി. കുടയെടുത്തിരുന്നില്ല.
ചേച്ചിയുടെ ഷാളെടുത്തു കുടയാക്കി. ചേച്ചി തല്ലിയപ്പോള്‍ മാമന്റെ മകളായ നിഖിതച്ചേച്ചിയുടെ ഷാളെടുത്തു.
ഒരു ഓട്ടോവന്നു. 'വാഗണ്‍ ട്രാജഡി' പോലെ കുത്തിക്കേറ്റി ബസ്റ്റോപ്പുവരെ യാത്ര. പെട്ടെന്ന് ഒരു ബസ്സിലും കയറിപ്പറ്റി.
വീട്ടിലെത്തി. കളിയുമായി ഒരു ദിവസം.
ഞാന്‍ നല്ലവണ്ണം ആസ്വദിച്ചു.

ആദര്‍ശ. ആര്‍
5-E